“ഇതാ വന്നു മോളു”
വൈകിയിട്ട് ഒരു കുളി പതിവാണ് അച്ഛൻ കളത്തിൽ നിന്നും വന്നു കുളിക്കുന്നത് കണ്ടു വളർന്ന ശീലമാണ് വയസ്സ് 70 കഴിഞ്ഞെങ്കിലും രണ്ടുനേരം കുളി പതിവാണ് . വൈകിട്ട് ചൂടുവെള്ളത്തിലും രാവിലെ പച്ചവെള്ളത്തിലും.
. “അച്ഛാ ചൂട് വെള്ളം അനത്തിയിട്ടുണ്ട്. ചെറിയ ചൂടേ ഉള്ളൂ സമയം കളയാതെ കുളിച്ചോളൂ . വെള്ളം ആറിപ്പോകും” സിമ്പിൾ അടുത്തുവന്നു പറഞ്ഞു
സിബിൾ അനാഥ കുട്ടിയാണ്.തന്റെ ദത്ത് പുത്രിയാണ്. ഔദ്യോഗിക ജീവിതത്തിൽ എന്നോ അനാഥാലയത്തിന്റെ ഒരു എക്സ്റ്റൻഷൻ വർക്ക് സൂപ്പർ വിഷനായി പോയപ്പോൾ കണ്ടതാണ് അന്ന് പത്തു പതിനൊന്നു വയസ്സേ ഉള്ളൂ അവൾക്ക്. കണ്ടപ്പോൾ എവിടെയോ വച്ച് കണ്ടതുപോലെ ഒരു ഓർമ്മ. ഓർത്തു നോക്കി. തന്നെ കണ്ടപ്പോൾ അവളും ചിരിച്ചു കന്യാസ്ത്രീ മഠത്തിന്റെ കീഴിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നുണ്ട് എന്ന് പിന്നീട് സിസ്റ്ററും ആയുള്ള സംസാരത്തിൽ നിന്നും മനസ്സിലായി.അവളുടെ ചിരി എന്റെ രതിയുടെ ചിരിയല്ലേ അത്. തന്നെ.
അങ്ങനെയാണ് തന്റെ കൂടെ നിൽക്കാൻ അനുവദിക്കാമോ കുട്ടിയെ എന്ന് സിസ്റ്ററോട് അന്വേഷിച്ചത് . സിസ്റ്റർ പല നിയമപ്രശ്നങ്ങളും പറഞ്ഞ് തന്നെ ഒഴിവാക്കാൻ ശ്രമിച്ചു. മേൽത്തട്ടിൽ നിന്നുള്ള സമ്മർദ്ദമേറിയപ്പോൾ സിസ്റ്ററിന് അനുവദിക്കാതെ നിവൃത്തിയില്ല എന്നായി. തന്റെ ഹെൽത്ത് സർട്ടിഫിക്കറ്റ് അടക്കം പത്തുനൂറ് പേപ്പറിൽ ഒപ്പിട്ടു കൊടുത്തു.
തന്റെ കയ്യും പിടിച്ച് കാറിൽ കയറിയിരിക്കുമ്പോൾ, സിസ്റ്റർമാരുമായി യാത്ര പറയുമ്പോൾ, സിബലിന്റെ മുഖം സന്തോഷം കൊണ്ട് തുടുത്തുവരുന്നത് കാണാമായിരുന്നു.
നാട്ടിൽ വന്ന് താൻ പഠിച്ച സ്കൂളിൽ തന്നെ അവളെ ചേർത്തു. കൂടാതെ നൃത്തം പഠിക്കാനും ചേർത്തു. നൃത്തം പഠിപ്പിക്കാൻ ടീച്ചർ വീട്ടിൽ വരും. വളർന്നു വലുതായപ്പോഴും ഇന്നും തുടരുന്നുണ്ട് . അത് മറ്റു കുട്ടികളെ നൃത്തം പഠിപ്പിക്കാൻ ആണെന്ന് മാത്രം.
ആദ്യം മകൾക്ക് കൂട്ടിനായി ഒരു ആയയെ പകൽ നിർത്തിയിരുന്നു ഷിബിലിന് 20 വയസ്സു കഴിഞ്ഞതോടെ താൻ റിട്ടയർ ചെയ്തല്ലോ. അതോടെ അവരെ പറഞ്ഞു വിട്ടു.
തൻറെ സമ്പാദ്യങ്ങളുടെ എല്ലാം ഏക അവകാശിയായി സിബിലിനെ നിശ്ചയിച്ച് അന്നേ മഠത്തിൽ എഴുതി കൊടുത്തിരുന്നു.
തൻറെ പഴയ തറവാടാണിത് ഓടും കൂടും ഉള്ള രണ്ടു നിലയിൽ അച്ഛൻ പണിയിണിച്ച വീട്. ഒപ്പം ഉരപ്പുരയും. വർഷത്തിലൊരിക്കൽ പൊക്കാളി കൃഷി കൊയ്ത് മെതിച്ച് ഉണക്കി ഇടാനൊരു പത്തായവും ചേർന്ന വീട്.
പുരയിടത്തിന്റെ ഇരുവശവും പുഴയാണ് കായലിന്റെ ഒരു കൈവഴിയായ വീരൻ പുഴയുടെ പടിഞ്ഞാറുഭാഗം. വൻകരയുമായി ബന്ധമില്ലാത്ത ദ്വീപാണ് അത്. ദേശീയ ജലപാതയായി പ്രഖ്യാപിച്ചിട്ട് ദശാബ്ദങ്ങൾ ആയിരിക്കുന്നു.ഡ്രഡ്ജിംഗ് പലവട്ടം കഴിഞ്ഞു. എവിടെ നോക്കിയാലും ചീന വലകൾ മാത്രം. രാത്രി അവ നിശബ്ദമായിരിക്കും. രാത്രി പ്രശാന്തസുന്ദരമായ പ്രകാശമാനമായ വീരൻ പുഴയുടെ മനോഹാരിത കാണാം. വെള്ളത്തിൽ കുത്തി നിർത്തിയ ട്യൂബ് ലൈറ്റ് പോലെ പെട്രോമാക്സിന്റെ നിഴൽ പുഴയിൽ വീഴുന്നതു കാണാം. ബോട്ടുകളോ വലിയ വള്ളങ്ങളോ പോയി വെള്ളം ഇളകുമ്പോൾ വെളിച്ചത്തിന്റെ ഇളക്കങ്ങളും കാണുക മനോഹരമായിരിക്കും.
നന്ദൻ എന്ന തനിക്ക് 70 കഴിഞ്ഞെങ്കിലും ഇതുവരെ കാര്യമായ അസുഖങ്ങൾ ഒന്നും വന്നിട്ടില്ല.
ഉച്ചകഴിയുമ്പോൾ വലിയ ചാരുകസേരയിൽ പുഴയിലേക്ക് നോക്കിയിരിക്കും. പലതും ചിന്തിക്കാൻ ഉണ്ടാവുമല്ലോ. സിബിൾ പഠിക്കാൻ പോയിട്ട് വരുന്നത് നാലര -അഞ്ച് മണിയാകും. ഡാൻസ് ക്ലാസ് ശനിയും ഞായറും മാത്രമേ കാണൂ. കോളേജിലാണ് അവളിപ്പോൾ. എം എ സൈക്കോളജിക്ക് ആലുവ യുസി കോളേജിലാണ് പഠിക്കുന്നത് താൻ പഠിച്ച കോളേജിൽ തന്നെ അവളെ ചേർത്തു പഠിപ്പിക്കണം എന്നതായിരുന്നു തൻറെ ആഗ്രഹം. അവളും അതുതന്നെയാണ് ഇഷ്ടപ്പെട്ടത്.
പഴയ വീട് ആണെങ്കിലും വീടിനകത്ത് ഏതെങ്കിലും ദൈവത്തിന്റെയോ കാരണവന്മാരുടെയോ ഒരു ഫോട്ടോ പോലും വെച്ചിട്ടില്ല താൻ. ഒരിക്കൽ സിബിൽ തന്നോട് ചോദിച്ചു
” അച്ഛാ ഇവിടെ എന്താണ് ദൈവത്തിന്റെ ഒരു ഫോട്ടോ പോലും കാണാത്തത്. അച്ഛൻ നിരീശ്വരവാദിയാണോ. അച്ചാച്ചൻ അച്ഛമ്മ അവരുടെ ഒന്നും ഫോട്ടോയും ഇല്ലല്ലോ”
” വേണ്ട മോളെ എല്ലാം ഈ ഹൃദയത്തിലുണ്ട് അവർ മാത്രമല്ല മറ്റു പലരുടെയും
തന്റെ നെഞ്ച് ഭാഗം തൊട്ടുകൊണ്ട് ഷിബിലിന് മറുപടി കൊടുക്കും പിന്നീട് അവൾ ഒരിക്കലും അതിനെപ്പറ്റി ചോദിച്ചിട്ടില്ല.
*************
വേനൽ എത്ര കനത്തതാണെങ്കിലും തന്റെ വീട്ടുമുറ്റത്തും ജനലുകൾക്കരികിലും ഇരുന്നാൽ ഇരുവശവും ഉള്ള പുഴവെള്ളം തലോടി വരുന്ന തണുത്ത കാറ്റ് അതൊരു എയർകണ്ടീഷൻ മുറിപോലെ തോന്നിപ്പിക്കും. പക്ഷേ ജൂൺ മുതലുള്ള കാലവർഷം ശക്തിയായ കാറ്റിന്റെയും ഇടിവെട്ടിന്റേയും അകമ്പടിയോടെ വന്നു പേടിപ്പെടുത്തും. അപ്പോൾ സിബിൾ അവളുടെ മുറിയിൽ നിന്നും ഓടിവന്നു കിടക്കയെടുത്ത് നിലത്തിട്ട് മൂടിപ്പുതച്ച് കിടക്കും. താനപ്പോഴും ഉറങ്ങി കാണില്ല. “പേടിക്കാതെ കിടന്നോളൂ മോളു അച്ഛൻ ഉണ്ടല്ലോ ഇവിടെ”
താൻ പറയും
“എനിക്ക് അച്ഛൻറെ കട്ടിലിന്റെ അടിയിൽ കിടന്നാലാണ് സുരക്ഷിതത്വം കൂടുതൽ തോന്നുക”
” കിടന്നോളൂ”
താൻ പറയും. അവൾ ചിരിക്കും. അത്തരം ഒരു രാത്രിയിലാണ് താൻ തന്റെ കഥയെഴുതാൻ ആരംഭിക്കുന്നത്. സിബിൾ ഉറങ്ങിയിരുന്നു.
തന്റെ ഓർമ്മകൾ ഒരു 65 വർഷം പുറകോട്ട് പോയി, തൂലികയിലൂടെ.
സ്വാതന്ത്ര്യാനന്തരകാലം ബ്രിട്ടീഷുകാർ തകർത്ത ഇന്ത്യയുടെ ദുഃഖകാലം. ഭാരതമൊട്ടാകെ പട്ടിണിയും പരിവട്ടവും.പത്തു ശതമാനം വരുന്ന ഇടത്തരക്കാരും ബാക്കി തൊണ്ട് തല്ലിയും കയർ പിരിച്ചും ജീവിക്കുന്ന അരപ്പട്ടിണിക്കാരുടെ നാട്.
അങ്ങിങ്ങായി മടൽ മൂടി ചകിരി പിരിച്ചു മട്ടാഞ്ചേരിയിലും കൊച്ചിയിലും വള്ളത്തിൽ കൊണ്ടുപോയി സേട്ടുമാർക്ക് വിറ്റ് ലാഭമുണ്ടാക്കുന്ന കയർ മുതലാളിമാരും അവരുടെ പണിയാളുകളും. ചിലർ ബീഡിതെറുപ്പു ജോലിയും ചെയ്തിരുന്നു. നാളികേരം വെട്ടി ഉണക്കി കൊപ്രയാക്കി അത് കൊച്ചിയിൽ വിൽക്കുന്ന അപൂർവ്വം ചില ചെറുകിട മുതലാളിമാർ.
അതിലൊരു ചെറിയ മുതലാളിയുടെ ഇളയമകനായിരുന്നു താൻ.തനിക്കു മൂത്ത രണ്ടു സഹോദരങ്ങൾ, ഇളയ ഒരാൾ
ഓർമ്മവച്ച നാൾ മുതൽ കളിക്കൂട്ടുകാരായി ഉണ്ടായിരുന്നത് പട്ടിണിക്കാരായ തൊഴിലാളികളുടെ മക്കൾ. അതിൽ ഒന്നായിരുന്നു തൻറെ രതി. അമ്മായിയുടെ മകളാണ്. അമ്മയെ കാണാനും കുറെ നേരം വർത്തമാനം പറഞ്ഞിരിക്കാനും വേണ്ടി വരും കുഞ്ഞു രതിയേയും ഒക്കത്ത് വെച്ച് അമ്മായി.പല്ലുകൾ മുളച്ചിട്ടില്ലാത്ത കുഞ്ഞു രതിയെ കാണുമ്പോൾ താൻ പല്ലിളിച്ചു കാട്ടും. അവൾ മോണ കാട്ടി ചിരിക്കും.
കുറേക്കാലം കൂടി കഴിഞ്ഞു. മറ്റുള്ള കൂട്ടുകാരിൽ നിന്നും വ്യത്യസ്തമായി എന്നും തങ്ങളാണ് ഒപ്പം ഉണ്ടാവുക. സൗഹൃദവും കളിയും. ഓരോ വളർച്ചയിലും കൂടുതൽ കൂടുതൽ സ്നേഹം തമ്മിൽ വളർത്തി. താൻ ഹൈസ്കൂൾ ക്ലാസിൽ ആയപ്പോഴേക്കും രതി വളർന്നു പെണ്ണായി. രണ്ടു വീട്ടുകാരും ഞങ്ങളുടെ സ്നേഹബന്ധത്തിന് ഒരു തടസ്സമായിരുന്നില്ല
രതിയുടെ നന്ദൻ ‘ഓപ്പ’യായിരുന്നു താൻ .അടുത്തടുത്ത വീടുകളിൽ ആണെങ്കിലും ഒരു ദിവസം പോലും കാണാതിരിക്കാൻ കഴിയില്ലായിരുന്നു. തൻറെ മീശക്ക് കട്ടി വച്ചതോടെ താൻ കണ്ണാടി നോക്കുമ്പോൾ ഒരു ഗൗരവക്കാരൻ ആണെന്ന് തോന്നും. അവളുടെ അടുത്ത് ചെന്ന് അതേ ഗൗരവത്തിൽ ഒന്നു നോക്കും. രതി ചിരിച്ചു മറിയും.
ഓപ്പയ്ക്കിത് ചേരില്ല. ഒന്ന് ചിരിച്ചേ കാണട്ടെ .താൻ ചിരിക്കും, അവളും. ഞങ്ങളുടെ സംസാരത്തിൽ അവൾ എനിക്കും താൻ അവൾക്കും ഉള്ളതെന്ന് വിചാരിച്ചു തന്നെയാണ് കഴിഞ്ഞിരുന്നത്. അവളുടെ വീട്ടിലെ വലിയ പ്ളാവിൻറെ ചുവട്ടിൽ ഞങ്ങൾ ചാരിയിരിക്കും. ആരും ആ വഴി പോകുന്നില്ല എന്ന് കണ്ടാൽ നെഞ്ചിലേക്ക് പതുക്കെ അവൾ ചാരും. താനും അവളുടെ മുഖം രണ്ടുകയ്യും ചേർത്തുപിടിക്കും. ചിലപ്പോൾ മണിക്കൂറുകളോളം അതേ ഇരിപ്പ് തുടരും.
പിന്നെ എപ്പോഴാണ് ആ ബന്ധത്തിൽ പഴയ ഊഷ്മളത കുറഞ്ഞുവന്നത്. താൻ കോളേജിൽ ചേർന്നതിനു ശേഷം, കൂടി ഇരിക്കുന്ന സമയം കുറഞ്ഞുവന്നു.രതി സ്കൂളിൽ പത്താം ക്ലാസിൽ എത്തിയിരുന്നു. വല്ലപ്പോഴും ഒക്കെ സ്കൂളിൽ ടീച്ചർ പഠിപ്പിച്ചു എസ്എസ്എൽസി പാസ്സായി. പരീക്ഷാഫലം വന്ന അന്നുതന്നെ
അവൾ എന്റെ അമ്മയെയും അച്ഛനെയും കാണാൻ വന്നു. അമ്മായിയും കൂടെ ഉണ്ടായിരുന്നു അച്ഛൻ ചോദിച്ചു അമ്മായിയോട്
“നീ എന്താ ഇവളെ ഇനി പഠിപ്പിക്കുന്നുണ്ടോ”
“കോളേജിൽ ഒന്നും ചേർക്കാൻ കഴിയില്ലല്ലോ ചേട്ടാ അവൾക്ക് ആണെങ്കിൽ ഡാൻസ് പഠിക്കണം എന്നാണ് ആഗ്രഹം”
. അമ്മായി പറഞ്ഞു.
രതി ചിരിച്ചുകൊണ്ട് നിന്നു.
“അതാണ് നല്ലത് “അച്ഛനും പറഞ്ഞു
ഈ സംഭാഷണം വീട്ടിൽ നടക്കുമ്പോൾ താൻ വീട്ടിൽ ഇല്ലായിരുന്നു എസ്എസ്എൽസി നല്ല മാർക്കോടെ പാസായ എൻറെ രതിയെ ഒന്ന് ഞെട്ടിക്കാൻ ആയി ഒരു സമ്മാനവുമായിട്ടായിരുന്നു തന്റെ വരവ്. നല്ല വില കൂടിയ ഒരു സാരി.വീട്ടിലേക്കു വരുംവഴി കയറിയതാണ്.
താൻ അമ്മായിയെ വിളിച്ചു. “രതിയെവിടെ അമ്മായി”
തന്റെ ഒച്ച കേട്ടതും അവൾ ഓടി വന്നു. എൻറെ കയ്യിൽ പിടിച്ചു നിന്നു.
താൻ പറഞ്ഞു
“കണ്ണടച്ച് നില്ല് “അവൾ കണ്ണടച്ചു എന്തെങ്കിലും സമ്മാനം ആയിരിക്കുമെന്ന് അവൾക്കറിയാമായിരുന്നു.പൊതി അവളുടെ കയ്യിൽ കൊടുത്തു. അവൾ കണ്ണ് തുറന്നു.
കവറും അതിനകത്തെ സാരിയും കണ്ടു.സന്തോഷം കൊണ്ടവൾ തുള്ളിച്ചാടി. അതുവരെ ഇറക്കമുള്ള പാവാടയും ലൂസായ മേലുടുപ്പും ധരിച്ചിരുന്ന അവളന്നു ആദ്യമായി താൻ വാങ്ങി കൊടുത്ത സാരിയുടുത്തു. ഇരുട്ടത്ത് എനിക്ക് അമ്മായി കാണാതെ ഒരു ഉമ്മ തന്നു കൊണ്ടോടി.
താൻ വീട്ടിലേക്ക് പോന്നു. വീട്ടിൽ വന്നപ്പോഴാണ് അമ്മ പറയുന്നത്.അമ്മായിയും രതിയും വന്നിരുന്ന കാര്യം. അച്ഛനോട് അവളെ ഡാൻസ് പഠിക്കാൻ ചേർക്കുന്നതിന് അനുവാദം ചോദിക്കാനും കൂടിയാണ് വന്നത് എന്ന് അമ്മ പറയുന്നത് കേട്ട് താൻ ഞെട്ടി അതിനോട് യോജിക്കാൻ തനിക്ക് കഴിയുമായിരുന്നില്ല. അന്ന് ആദ്യമായി തനിക്ക് അവളോട് ദേഷ്യം തോന്നി.
ചിലങ്കകൾ,
ചിലങ്കകളുടെ കിലു കിലുക്കം. അതിനേക്കാൾ ഉച്ചത്തിൽ………..
അടുത്ത ദിവസം തന്നെ രാവിലെ താൻ രതിയെ കണ്ടു. തന്റെ മുഖം കലുഷിതമായിരുന്നുവെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു.
“എന്താ നന്ദനോപ്പേ മുഖം വല്ലാതിരിക്കുന്നത്”
“എനിക്ക് നിന്നോട് കുറച്ച് സമയം സംസാരിക്കണം”
ഞങ്ങൾ ഞങ്ങളുടെ പ്ളാവിൻറെ താഴെ പോയിരുന്നു ഞാൻ പറഞ്ഞു.
“നീ ഡാൻസ് പഠിക്കുന്ന വിവരം എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല. ഇന്നലെ രാത്രിയും പറഞ്ഞില്ല. എനിക്ക് നീ ഡാൻസ് പഠിക്കുന്ന തീരെ ഇഷ്ടമല്ല. അതുകൊണ്ട് മറ്റെന്തെങ്കിലും കോഴ്സിന് ചേരണം. ഫീസ് കൊടുക്കാൻ ഇല്ലെങ്കിൽ അച്ഛനോട് പറഞ്ഞു ഞാൻ പരിഹരിക്കാം. എൻറെ ഭാര്യയായിരിക്കുന്നവൾക്ക് ചേരുന്ന ഒരു കോഴ്സ് ഞാൻ തിരഞ്ഞെടുക്കാം”
അവൾ ഞെട്ടിപ്പോയി തന്റെ വാക്കുകൾ കേട്ട്. അത് അവളുടെ മുഖവും കണ്ണുകളും വിളിച്ചുപറയുന്നുണ്ടായിരുന്നു. സജലങ്ങളായ കണ്ണുകളിലൂടെ അവൾ എന്നെ നോക്കി
“എന്തിനാണ് ഇങ്ങനെ പറയുന്നത് ഞങ്ങൾ പാവങ്ങളല്ലേ. അമ്മാവനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ് ഓപ്പയുടെ ഡിഗ്രി പഠനം, എൻറെ പഠിക്കുന്നതിനുവരുന്ന ചെലവുകൾ അമ്മാവന് താങ്ങാൻ ബുദ്ധിമുട്ടാവും. ഡാൻസിന് ചെറിയ തുകയേ കൊടുക്കേണ്ടതുള്ളൂ. ഞാൻ ജീവിതകാലം മുഴുവൻ ഡാൻസ്കാരി ആയിരിക്കില്ല.ഓപ്പ എഞ്ചിനീയറിങ് കഴിഞ്ഞു വന്നാൽ അപ്പോൾ ഞാൻ ഡാൻസ് നിർത്തും. അതുവരെ മറ്റു കുട്ടികളെ പഠിപ്പിച്ചു കുറച്ചു പണവും ഉണ്ടാക്കാമല്ലോ.
അവൾ തുടർന്നു
“നന്ദനോപ്പക്ക് സമ്മതമില്ലെങ്കിൽ ഞാൻ ഡാൻസ് കോഴ്സ് വേണ്ടെന്നു വയ്ക്കാം” എന്ന് പറഞ്ഞുകൊണ്ട് അവൾ തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.
തന്റെ ദേഷ്യം കുറഞ്ഞിരുന്നു അവളുടെ മുടി ഇഴകളിൽ തന്റെ വിരലുകൾ ഓടി നടന്നു. “ഏതായാലും നിൻറെ ആഗ്രഹം നടക്കട്ടെ”
അവൾ ചിരിച്ചുകൊണ്ട് തന്നെ യാത്രയാക്കി
താൻ ഡിഗ്രി കഴിഞ്ഞു തിരുവനന്തപുരത്ത് എഞ്ചിനീയറിങ് കോളേജിൽ അഡ്മിഷൻ ആയി. ഡിഗ്രി കഴിഞ്ഞതിനാൽ മൂന്നുവർഷമേ പഠിക്കേണ്ടതുണ്ടായിരുന്നുള്ളൂ. പക്ഷേ ആ മൂന്നു വർഷക്കാലമാണ് തന്നെയും തന്റെ ജീവിതവും തകർത്തത് എന്നു താൻ മനസ്സിലാക്കിയില്ല.
വലിയ പണച്ചാക്കുകളുടെ മക്കളും ആയിട്ടായിരുന്നു തൻറെ സഹവാസം. പഠിപ്പിനിടെ ചീത്ത കൂട്ടുകെട്ടിലും പെട്ടുപോയിരുന്നു. തൻറെ രതിയെ മറന്ന ഒരു രാത്രി കൂട്ടുകാരോടൊപ്പം സിറ്റിയിലെ ചീത്ത സ്ത്രീയുടെ അടുത്ത് പോയത് വലിയൊരു കളങ്കമായി ജീവിതത്തിൽ. ആ സ്ത്രീ ഡാൻസ് പരിപാടികൾക്ക് ഇടയ്ക്ക് പോകും.കൂടുതൽ പണം കിട്ടിയാൽ ഈ തൊഴിലിനും പോവും എന്ന് പറഞ്ഞത് സഹപാഠി ചെറിയാൻ ആയിരുന്നു.
അത് തന്നെ മനസിന്റെ താളം തെറ്റിച്ചു. പിന്നീട് ഒരിക്കലും അത്തരം പ്രവർത്തിക്കു പോയിട്ടില്ല.എന്നാൽ ഡാൻസുകാരികളോട് ഉള്ള തൻറെ ശത്രുത പിന്നെയും കൂട്ടുവാനേ ആ സംഭവം ഉതകിയുള്ളൂ.
പുതിയ ജീവിതവും പുതിയ സുഹൃത്തുക്കളും പഠനവും എല്ലാം പുതിയ അനുഭവ പാഠങ്ങൾ തനിക്ക് തന്നുകൊണ്ടിരുന്നു. രതിയുടെ കത്തുകൾ ദിവസം ഓരോന്നു വരും. അതിനു മറുപടി അയക്കും ദിവസവും. പിന്നീട് ആഴ്ചയിൽ രണ്ടും ആഴ്ചയിലൊന്നും മാസത്തിൽ ഒന്നുമൊക്കെ ആയി മറുപടി ചുരുങ്ങി. നൃത്തം ചെയ്യുന്ന രതിയെ തനിക്ക് അൽപ്പാൽപ്പം വെറുപ്പായി തുടങ്ങി. രണ്ടുപേരുടെയും കത്തുകളി ലാകട്ടെ ആ വിഷയം ചർച്ചയെ ആയതില്ല.
വർഷങ്ങൾ കഴിഞ്ഞുപോയത് എത്രവേഗം എന്നറിഞ്ഞത് കോഴ്സുകൾ കഴിഞ്ഞ്. മടങ്ങിവന്നതിനു ശേഷമാണ്. രണ്ടുദിവസം കഴിഞ്ഞാണ് രതിയെ കാണുന്നത്. അതും വഴിയിൽ വെച്ച്. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ തന്നെ നോക്കി. മറുപടി അയക്കാത്തതിന് പരിഭവങ്ങളുടെ കെട്ടഴിച്ചു. തുടുത്ത രതി ക്ഷീണിച്ചിരിക്കുന്നതായി തോന്നി. തന്റെ പെരുമാറ്റത്തിലും പഴയ അടുപ്പത്തിന് സാന്ദ്രത കുറവായിരുന്നുവെന്ന് ഇന്നും മനസ്സിലാക്കുന്നു. താൻ നൃത്ത പഠനവും ഒപ്പം നൃത്തം പഠിപ്പിക്കലും എന്നെന്നേക്കുമായി അവസാനിപ്പിച്ച കാര്യം അവൾ പറഞ്ഞു.
” നന്നായി” തന്റെ മറുപടി ഒറ്റവാക്കിൽ ഒതുങ്ങിയിരുന്നു. അല്ലെങ്കിൽ അങ്ങനെ പറയാൻ പഠിച്ചു.
അധികം താമസിയാതെ റിസൾട്ട് വന്നു. നല്ല മാർക്കോടെ പാസായി. സർക്കാരിൽ പൊതുമരാമത്ത് വകുപ്പിൽ താൻ ജോലിയിലും കയറി. നാട്ടിൽ തന്നെയായിരുന്നു പോസ്റ്റിംഗ്.
ഒരു ദിവസം രതി തന്നെ കാണാൻ വീട്ടിലേക്കു വന്നു.
എനിക്ക് അല്പം സംസാരിക്കാനുണ്ട്. നമുക്കിന്ന് നമ്മുടെ പ്ലാവിന്റെ ചുവട്ടിൽ കൂടാം. രാത്രി വൈകി വന്നാൽമതി. ഞാൻ വരാം.
“വരാം”
ഒറ്റവാക്കിൽ തന്റെ മറുപടി.
രാത്രി ഭക്ഷണത്തിനുശേഷം താൻ പ്ലാവിന് ചുവട്ടിൽ ചെന്നപ്പോൾ രതിയെത്തിയിട്ടുണ്ട്. ഇരുണ്ട വെളിച്ചത്തിലും അവളുടെ കണ്ണുകൾ ഉദ്യോഗഭരിതമായിരിക്കുന്നത് തനിക്ക് കാണാമായിരുന്നു. “നിനക്കെന്താ പറയാനുള്ളത് വേഗം പറയണം ജോലിയുണ്ട് “താൻ പറഞ്ഞു.
“അത്രയ്ക്ക് വേണ്ടാതായി എന്നെ ഓപ്പക്ക് അല്ലേ”അവൾ പറഞ്ഞു. ചെറുതായിപ്പോയി താൻ അവളുടെ മുൻപിൽ. മനസ്സ് ഒന്നു വിങ്ങിപ്പോയി ഒരു നിമിഷം.
എങ്കിലും ഈഗോ വിടാതെ ഒന്നും മിണ്ടാതെ താൻ നിന്നു.
“ഇത്ര അകലം കാണിക്കാൻ ഞാൻ എന്ത് തെറ്റാണ് ചെയ്തത്? ഡാൻസിനു പോയതോ? അച്ഛൻ ആലോചനകൾ തുടങ്ങിയിരിക്കുന്നു. നമ്മുടെ ബന്ധം ഇപ്പോഴും കസിൻസ് എന്ന് മാത്രമേ അച്ഛൻ കരുതിയിട്ടുള്ളൂ. അമ്മയ്ക്ക് ചില സംശയങ്ങളൊക്കെയുണ്ട്.
” നല്ല കാര്യം ആണെങ്കിൽ അതങ്ങ് നടത്തുവാൻ അച്ഛനോട് പറഞ്ഞേക്ക് .എനിക്ക് ഇതിലെതിർപ്പൊന്നുമില്ല”
തൻറെ വാക്കുകൾ കേട്ട് രതി അവിശ്വസിനീയമായി തന്റെ മുഖത്തേക്കും കണ്ണുകളിലേക്കും നോക്കി. എന്നിട്ട് പറഞ്ഞു
.
” എനിക്ക് ഒരു വിവാഹ ജീവിതം ഉണ്ടെങ്കിൽ അത് ഓപ്പയോടൊപ്പം മാത്രമേ ഉണ്ടാവൂ. അത് നിശ്ചയമാണ്.
” നീ എന്തിനാ എന്നെ കാത്തിരിക്കുന്നത്. നമ്മൾ പരസ്പരം ചേരില്ല . കുട്ടിക്കാലം മുതൽ ഒന്നിച്ചു കളിച്ചു വളർന്നു. വലുതായപ്പോഴും അത് തുടർന്നു. നമ്മൾ രണ്ടു തട്ടിലാണ് .നമുക്ക് ഒന്ന് ചേരാൻ കഴിയില്ല.”
കുറേനേരം ഒന്നും അവൾ മിണ്ടിയില്ല. കുറെ കഴിഞ്ഞു ചോദിച്ചു.
“നന്ദനോപ്പയുടെ അവസാന വാക്കാണോ ഈ പറഞ്ഞത്”
“അതെ അതിനു മാറ്റമില്ല”
പിന്നെ അവൾ ഒറ്റ ഓട്ടമായിരുന്നു വീട്ടിലേക്ക്.
താൻ വീട്ടിലേക്ക് മടങ്ങി. അടുത്ത ദിവസത്തെ കുറച്ചു വർക്ക് ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു. ഒരു മണിയായി കിടന്നപ്പോൾ .അപ്പോൾ തന്നെ ഉറങ്ങിക്കാണണം. ഒരു ഭാരം ഇറക്കിവെച്ച സംതൃപ്തിയോടെ.
അതിരാവിലെ ഏതോ വലിയ നിലവിളിയും ഒച്ചയും ബഹളവും കേട്ടാണ് താൻ ഉണർന്നത് അമ്മ വന്നു വിളിച്ചു ഉണർത്തി പറഞ്ഞു
“നന്ദാ അമ്മായിയുടെ വീട്ടിൽ എന്തോ അപകടം നടന്നിട്ടുണ്ട്. നീ അങ്ങോട്ട് ചെല്ലൂ. അച്ഛൻ അങ്ങോട്ട് പോയിട്ടുണ്ട്. ഞാൻ പുറകേ വരാം”
എന്തോ തനിക്കും എന്തോ ആപത്ത് വരുന്നുണ്ടെന്ന് ഉള്ള തോന്നലോടെ ഓടിച്ചെന്നു. ആളുകൾ കൂടിയിരിക്കുന്നു. അവരെ വകഞ്ഞു മാറ്റി അകത്തുകയറി നോക്കി. താൻ ഞെട്ടിപ്പോയി തലച്ചോറിനകത്ത് ഒരു ഇടി വെട്ടിയത് പോലെ തോന്നി അവൾ,രതി, തന്റെ എല്ലാമായ പ്രേയസി കെട്ടിത്തൂങ്ങിയിരിക്കുന്നു. പോലീസിന് ആളു പോയിരിക്കുന്നു എന്ന് ആരോ വിളിച്ചു പറയുന്നത് മാത്രം കേട്ടു .
പിന്നെ ഒന്നും ഓർമ്മയില്ല. അവ
ളുടെ ഭീവത്സമായ മുഖമാണ് അതിന് തൊട്ടുമുമ്പ് കണ്ടത്.
ഓർമ്മ വരുമ്പോൾ ആശുപത്രിയിലാണ്.
അമ്മ കൂട്ടിരിപ്പുണ്ട്.
ദിവസങ്ങൾ കഴിഞ്ഞു പോയി.
ആശുപത്രിയിൽ നിന്നും അടുത്ത ദിവസം തന്നെ ഡിസ്ചാർജ് ചെയ്തു. ആഹാരം ഇല്ല, ഉറക്കമില്ല. അമ്മ നിർബന്ധിക്കുമ്പോൾ കഞ്ഞി വെള്ളമോ മറ്റോ ഒരു ഇറക്ക് കഴിക്കും.
ക്രമേണ എല്ലാം നോർമലായി എന്ന് വെറുതെ തോന്നി. ആരും തന്നെ സംശയിക്കില്ല. അതിനവൾ ഒരു സംശയവും ബാക്കി നിർത്തിയിരുന്നില്ലല്ലോ.
അച്ഛനും അമ്മയും നിർബന്ധിച്ചിട്ട് അടുത്ത ദിവസം ജോലിക്ക് പോകാം എന്ന് കരുതി.
വീട്ടിൽ വെറുതെ ഇരിക്കുന്ന ഓരോ സെക്കൻഡും അവളുടെ രൂപം മനസ്സിലേക്ക് ഓടിവരും. അതിൽ നിന്നൊരു അല്പം മോചനം. അതു മാത്രമായിരുന്നു ലക്ഷ്യം.
രതിയുടെ വീട്ടിലേക്ക് നടന്നു. അമ്മായിയെയും മാമനെയും കണ്ടു ജോലിക്ക് പോകുന്ന കാര്യം പറയാൻ കൂടിയായിരുന്നു തന്റെ പോക്ക്.
അമ്മായി കിടക്കുകയായിരുന്നു തന്നെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു കരഞ്ഞു
“എന്റെ പൊന്നു മോനെ.മോൻ ഇതെങ്ങനെ സഹിക്കുന്നു. അമ്മായി അലറി വിളിച്ച് പറഞ്ഞു. കൊലപാതകം ചെയ്ത ഒരു കുറ്റവാളിയായി അമ്മായിയുടെ മുമ്പിൽ നിന്നു. കുറെ കഴിഞ്ഞ് ആ കാൽ പിടിച്ചു പൊട്ടിക്കരഞ്ഞു.
“എനിക്ക് എല്ലാം അറിയാം മോനേ. ആ സൗന്ദര്യ പിണക്കം. അവൾ ഒരു മണ്ടി. മോൻ എല്ലാം സഹിക്കണം, മറക്കണം. ജോലിക്ക് പോയി തുടങ്ങിയാൽ കുറേശ്ശെ എല്ലാം
മറന്നോളും. മോൻ നന്നായി വരും.
പിന്നെ താൻ ഇറങ്ങി നടന്നു എങ്ങോട്ട് ?
യാന്ത്രികമായ ഒരു ജീവിതമായിരുന്നു പിന്നീടങ്ങോട്ട്. എങ്ങിനെയൊക്കെയോ ജീവിച്ചു.
അമ്മയും അച്ഛനും വിവാഹം കഴിക്കാൻ നിർബന്ധിച്ചു. താൻ വഴങ്ങിയില്ല.
*******”
സിബിളിനെ ലഭിച്ച
തിനു ശേഷം എനിക്കും രതിക്കും കൂടിയുണ്ടായ മകളാണ് അവളെന്ന് കരുതി വളർത്തി ഒരച്ഛനായിത്തന്നെ. എന്ത് കാരണത്താൽ പ്രിയസഖിയെ അകറ്റി നിർത്തിയോ അവളുടെ കലയെ വെറുത്തുവോ അതിൽ മകളെ എങ്കിലും പ്രവീണയാക്കണം എന്നുള്ള മോഹം ആയിരുന്നു പിന്നീട് അങ്ങോട്ട്. കലാ മണ്ഡലത്തിൽ നിന്നും പ്രശസ്തമായ നിലയിൽ നൃത്തം പിഠിച്ചിറങ്ങിയിരുന്നു സിബിൾ.
*********
നന്ദൻ പേന താഴെ വെച്ചു.
ആരോടൊ പറയാൻ ഉണ്ടായിരുന്നത് പറഞ്ഞു തീർത്ത ഒരു സംതൃപ്തി യോടെ
കസേരയിൽ കിടക്കുകയായിരുന്നു. തൻറെ മുഖത്തേക്ക് എന്തോ വീണു.
കൈകൊണ്ട് തടവി നോക്കി
ചിതൽ മണ്ണ്!
മുകളിലേക്ക് നോക്കിയപ്പോൾ ഉത്തരത്തിൽ ഒരു പല്ലി സൂക്ഷിച്ചു നോക്കിയിരിക്കുന്നു. പല്ലിയും തന്നെ സൂക്ഷിച്ചു നോക്കുകയാണ്. നോക്കിക്കൊണ്ടിരിക്കെ ആ പല്ലി തന്നെ നോക്കി ചിരിച്ചു. അത് തന്നോട് പറയുന്നു..
“നമ്മുടെ മകളെ ആരുടെയെങ്കിലും നല്ല കൈകളിൽ സുരക്ഷിതമായി എത്തിക്കേണ്ടേ.
എന്നിട്ട് നമ്മുടേതായ ലോകത്തേക്ക് എന്നോടൊപ്പം വരൂ. നമുക്ക് നഷ്ടപ്പെട്ട ജീവിതം ജീവിച്ചു തീർക്കേണ്ടേ”
ഞെട്ടിയുണർന്ന് ചുറ്റും നോക്കി. ആരെയും കണ്ടില്ല. അകന്നകന്നു പോകുന്ന കാലടി ഒച്ച മാത്രം,പിന്നെ ചിലങ്കകളുടെ കിലുങ്ങൂന്ന ഒച്ചയും ……..